കാഞ്ഞിരപ്പള്ളി: അമല്‍ജ്യോതി എന്‍ജിനിയറിംഗ് ഓട്ടോണമസ് കോളജ് രജത ജൂബിലിയിലേക്ക്. ആഘോഷങ്ങളുടെ ഉദ്ഘാടനം വെള്ളിയാഴ്ച കോളജ് ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നിര്‍വഹിക്കും. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിക്കും.
മാര്‍ മാത്യു അറയ്ക്കല്‍ അനുഗ്രഹപ്രഭാഷണവും ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ആശംസാപ്രസംഗവും നടത്തും. വികാരി ജനറാളും കോളജ് മാനേജരുമായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ കോളജിന്റെ വളര്‍ച്ചയും നേട്ടങ്ങളും അവതരിപ്പിക്കും.
പ്രിന്‍സിപ്പല്‍ ഡോ. ലില്ലിക്കുട്ടി ജേക്കബ്, സ്റ്റുഡന്റ്സ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ അനൂപ് ജോസഫ്, എംപിമാര്‍, എംഎല്‍എമാര്‍, പഞ്ചായത്തുകളുടെയും പ്രാദേശിക സ്വയം-ഭരണസ്ഥാപനങ്ങളുടെയും പ്രതിനിധികള്‍, മുന്‍ മാനേജര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, ജീവനക്കാര്‍, പിടിഎ അംഗങ്ങള്‍, വിദ്യാര്‍ഥികള്‍, മുന്‍വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കും.
വര്‍ഷം മുഴുവന്‍ നീളുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സാംസ്കാരിക ഉത്സവങ്ങള്‍, പ്രദര്‍ശനങ്ങള്‍, ദേശീയ-അന്തര്‍ദേശീയ കോണ്‍ഫറന്‍സുകള്‍, ഗ്ലോബല്‍ അലുമ്നി മീറ്റ്, ഇന്‍ഡസ്ട്രി കോണ്‍ക്ലേവ്, ശാസ്ത്രയാത്രകള്, നവോത്ഥാന പ്രദര്‍ശനങ്ങള്‍ തുടങ്ങി നിരവധി പരിപാടികളാണ് ഒരുക്കുന്നത്.
അധ്യാപനം, ഗവേഷണം, പ്ലേസ്മെന്റ് തുടങ്ങിയവയില്‍ കോളജ് മുന്‍പന്തിയിലാണ്. 2023 മുതല്‍ പത്തു വര്‍ഷത്തേക്ക് ഓട്ടോണമസ് പദവി, നാക് - അക്രിഡിറ്റേഷനില്‍ എ പ്ലസ്, ആറ് ബി ടെക് പ്രോഗ്രാമുകള്‍ക്കും എംസിഎയ്ക്കും എന്‍ബിഎ, ഏറ്റവും വലിയ ഇന്കുബേഷന്സ് സെന്റര്‍, തുടര്‍ച്ചയായ മൂന്നാം തവണയും ഏറ്റവും മികച്ച ഐഇഡിസി, അന്‍പതില്‍ അധികം പേറ്റന്റുകള്‍ തുടങ്ങി ഒട്ടേറെ നേട്ടങ്ങള്‍ കോളജിന് സ്വന്തമാണ്.